Monday, May 19, 2008

ശരീരം വില്‍ക്കേണ്ടിവന്ന ബാലികമാര്‍

മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണക്കടുത്ത് ആദിവാസി കോളനിയില്‍ സ്വന്തം പിതാവിന്റെ നിര്‍ബന്ധപ്രകാരം ശരീരം വില്‍ക്കേണ്ടി വന്ന ഹതഭാഗ്യയായ ബാലികയുടെ, ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന അതേ കോളനിയിലെ ബാലികമാരുടെ ദയനീയാവസ്ഥ സൂര്യ വാര്‍ത്തകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വെളിച്ചത്തു കൊണ്ടുവന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നു്‌ പെരിന്തല്‍മണ്ണയില്‍ ഒരു സംരക്ഷണസമിതി രൂപം കൊള്ളുകയും കഴിഞ്ഞ ദിവസം അവിടെയെത്തിയ പ്രതിരോധവകുപ്പു മന്ത്രി എ.കെ.ആന്റണിയെ വിവരം ധരിപ്പിക്കുകയും ഉടനടി അദ്ദേഹം അന്വേഷണത്തിന്‌ ഉത്തരവിടുകയും ചെയ്തു. സൂര്യയുടെ മലപ്പുറം ലേഖകന്‍‍ കെ.വി.ഷാജിയാണ്‌ തുടര്‍ച്ചയായ റിപ്പോര്‍ട്ടുകളാല്‍ ഈ വിഷയത്തിന്റെ ഗൗരവം പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തത്. "എന്നെക്കൊണ്ട് കെട്ടിച്ചു വിടാന്‍ കഴിവില്ല, ജീവിക്കാന്‍ വേറെ നിവൃത്തിയുമില്ല" - മകളെ പണത്തിനായി അന്യര്‍ക്കു കാഴ്ച വച്ച ആ പിതാവ് ടിവി ക്യാമറക്കു മുന്നില്‍ പറയുന്നു. ടിവിയില്‍ പലവട്ടം റിപ്പോര്‍ട്ടുകള്‍ വന്നിട്ടും കേന്ദ്ര മന്ത്രി വരേണ്ടി വന്നു, അന്വേഷണത്തിനെങ്കിലും ഉത്തരവിടാന്‍.

തിരുവമ്പാടി മുത്തന്‍ പുഴ ആദിവാസി കോളനിലെ പ്രശ്നങ്ങളും സൂര്യ വാര്‍ത്തകള്‍ ഇതേ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ തന്നെ മുന്നിട്ടിറങ്ങി. വാര്‍ത്തകള്‍ക്ക് ഫലമുണ്ടായി.

കാസര്‍ഗോഡും മറ്റു ചില പരിസര പ്രദേശങ്ങളിലുമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളേപ്പട്ടിയും സൂര്യയില്‍ എക്സ്ലൂസിവ് വാര്‍ത്തകള്‍ വരികയുണ്ടായി കഴിഞ്ഞയാഴ്ചയില്‍..

Sunday, March 23, 2008

മഴയില്‍ തകര്‍ന്ന പൈപ്പുകള്‍

വീണ്ടും കുറ്റ്യാടി വിഷയം എക്സ്ക്ലൂസീവ് വാര്‍ത്ത്യായി സൂര്യ ന്യൂസില്‍ വന്നു, ഇന്നലെ. കോരിച്ചൊരിയുന്ന മഴയില്‍ അവിടുത്തെ പെന്‍സ്റ്റോക്ക് പൈപ്പും അവയുടെ ഇരുമ്പു പാളങ്ങളും തകര്‍ന്നത് വിഷ്വല്‍സ് സഹിതം എസ്.നികേഷ് റിപ്പോര്‍ട്ട് ചെയ്തു. പരിസരവാസികള്‍ ആശങ്കയിലാണ്‌.

Sunday, March 16, 2008

സ്വകാര്യ പോസ്റ്റ്മാര്‍ട്ടം

ചില സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ നടക്കുന്ന "പോസ്റ്റ് മാര്‍ട്ടം" സൂര്യ വാര്‍ത്തകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു ഡി എഫ് ഭരണകാലത്ത് നല്‍കിയ അനുമതിയാണെന്നും ഇതു നിയമവിരുദ്ധമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞതും തിരുവനന്തപുരം ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. (വാര്‍ത്തകള്‍ എക്സ്ക്ലൂസീവായിരുന്നില്ല)

Wednesday, March 12, 2008

വീണ്ടും പൈപ്പ് ചോര്‍ച്ച

അധികൃതരുടെ സത്വര ശ്രദ്ധ പതിയേണ്ട ഒരു പ്രശ്നം, സൂര്യ വാര്‍ത്തകള്‍ ഇന്നലെ അവതരിപ്പിച്ചിരുന്നു. കുറ്റ്യാടി പവ്വര്‍ ഹൗസിലെ കൂറ്റന്‍ പെന്‍‍സ്റ്റോക്ക് പൈപ്പില്‍ വീണ്ടും ചോര്‍ച്ച കണ്ടെത്തിയ വിവരം വിഷ്വല്‍സ് സഹിതം എസ്. നികേഷ് റിപ്പോര്‍ട്ട് ചെയ്തു. അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വീണ്ടുമൊരു ദുരന്തത്തിന്‌ കാരണമായേക്കാവുന്നതാണീ ചോര്‍ച്ച. അക്കാരണത്താല്‍ തന്നെ സൂര്യയുടെ ഈ എക്സ്ക്ലൂസീവ് റിപ്പോര്‍ട്ട് ശ്രദ്ധേയമാണ്‌.

Wednesday, March 5, 2008

ബോട്ട് നിര്‍മ്മാണം

കൊച്ചിയില്‍ മുനമ്പത്തു നടക്കുന്ന ബോട്ട് നിര്‍മ്മാണത്തെപ്പറ്റി ഒരു എക്സ്ക്ലൂസീവ് സൂര്യ വാര്‍ത്തകള്‍ രണ്ട് ദിവസങ്ങള്‍ക്കു്‌ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊച്ചിയില്‍ നിന്നും ജോര്‍ജ്ജ് ജോസഫാണ്‌, തമിഴ് പുലികള്‍ക്കായി ഈ പ്രദേശങ്ങളില്‍ ബോട്ട് നിര്‍മ്മാണം തകൃതിയായി നടക്കുന്ന വിവരം വെളിപ്പെടുത്തിയത്. രണ്ടു ദിവസങ്ങള്‍ക്കു ശേഷം, ഇന്ന് ഈ വാര്‍ത്ത പ്രധാന മലയാള പത്രങ്ങളിലും വന്നിരിക്കുന്നു.